Sunday, October 20, 2024
I live here!
Tuesday, October 8, 2024
വീണ്ടും ചില കുറിപ്പുകൾ
ഭ്രാന്തിനും ഏകാന്തതയ്ക്കും ഇടയിലെവിടെയോഉള്ള ഒരു ആളൊഴിഞ്ഞ തുരുത്തിലാണ് ഞാനിപ്പോൾ.
നിലാവുപെയ്യുന്ന നഭസ്സ്!
തിരയൊഴിഞ്ഞ നീല കടൽ!
കാറ്റിലുലഞ്ഞ എൻ്റെ തോപ്പിലെ വെളുപ്പും നീലയുമായ മണമുള്ള പൂക്കൾ!
ഗോഥിക് കഥകളിലേതെന്നപോലെ എൻ്റെ 'Autumn' എന്നുപേരുള്ള പഴയ കൊട്ടാരം.
ആരും മീട്ടിയില്ലെങ്കിലും പൊടിപിടിച്ചു പഴകിയ പിയാനോവിൽ നിന്ന് സാന്ദ്രമായ സംഗീതം ഞാൻ എപ്പോഴും കേൾക്കുന്നതായി തോന്നി (അല്ലെങ്കിൽ തോന്നും).
കരിങ്കല്ലുകൾ പാകിയ ചുമരുകളിൽ വിരലോടിച്ചു ഞാൻ മുകളിലെ നിലയിലുള്ള മട്ടുപ്പാവിലേക്ക് ഇടയ്ക്കിടെ പോകും; പ്രത്യേകിച്ചും രാത്രിയിൽ. ഏറെ നേരം ആഴമറിയാത്ത, അലകളില്ലാത്ത, ആ കടൽ പരപ്പിലേക്കു ഞാൻ നോക്കി നിൽക്കും... വെറുതെ!
അപ്പോഴെൻ്റെ മനസ്സും ശാന്തമായിരിക്കും. ചിന്തകളൊഴിഞ്ഞു, ഭാരമൊഴിഞ്ഞു, ഒരു ആൽബട്രോസിൻ്റെ തൂവൽ പോലെ.
ഏറെ നേരം അങ്ങിനെ നിന്ന് ഞാൻ വീണ്ടും മങ്ങിയ വെളിച്ചത്തിൽ, ആ പടവുകൾ ഇറങ്ങി താഴേക്കുവരും;വിരലുകൾ തലോടി, മെഴുമെഴുത്ത ആ കരിങ്കൽ ചുമരിൻ്റെ നേർത്ത തണുപ്പറിഞ്ഞു!
കൈപ്പടത്തിൽ പടർന്ന തണു മനസ്സിൽ പടരുമ്പോൾ ഞാനുറങ്ങും.ആരും വരാനില്ലെന്ന ശുഭ പ്രതീക്ഷയുടെ പുഞ്ചിരിയുമായി!
Wednesday, August 28, 2024
Saturday, August 17, 2024
മാപ്പ് !
അത്രമേലുറ്റു നോക്കും മുൻപേ,
നിൻ മിഴിയിതൾ കൂമ്പി,യ-
നീൾ പീലിയിലിറ്റശ്രുവിൽ-
കണ്ടു ഞാൻ,
ഒരു വേള-
ഒരു മുഖം -
എൻ്റെത്!
നീണ്ടു,
മെല്ലിച്ച,
വിളറിയ,
കോപമെരിഞ്ഞ മുഖം!
പിന്നെ ചിലമ്പിച്ച-
വാക്കിലൊരു-
ചാട്ടുളി കോർത്തു-
നിൻ്റെ നെഞ്ചിൽ കുരുക്കിട്ടു,
പിന്നോട്ട് നോക്കാതെ പാഞ്ഞു;
മുഖപടം അഴിച്ചൊന്നലറുവാൻ!!
Friday, July 19, 2024
കലപില
അടുക്കള വാതിലിൽ,
ഉമ്മറപ്പടിയിൽ,
കലപില കൂട്ടങ്ങൾ;
ചാഞ്ഞും ചരിഞ്ഞും,
ഇടക്കൊന്നു ചാടിയും,
ആരെയോ കാര്യായി-
തിരയുന്നു.
വീണ്ടും കലപില കൂട്ടുന്നു,
കൊത്തു കൂടുന്നു.
മുടിത്തുമ്പു കെട്ടി,
ഉമ്മറത്തെത്തിയ-
അമ്മയ്ക്ക് ചുറ്റിലും
വീണ്ടും കലപില,
കലപില, കലഹം.
'പരിഭവം
ചൊല്ലുകയാണെന്നു
തർജ്ജമ':
"മുറ്റത്തു വറ്റില്ല,
വാഴച്ചോട്ടിലും വറ്റില്ല,
വറുതി പൊറുക്കുവാൻ വയ്യ !!"
വീണ്ടും കലപില.
അമ്മയകത്തേക്കു പോകുന്നു,
'ഇന്നലെ ഇവറ്റകൾക്കൊന്നും-
കൊടുത്തില്ലെന്നു' പരിഭവം.
ഇത്തിരി ചോറുമായി-
നൊടിയിൽ മടങ്ങുന്നു,
മുറ്റത്തെ പേരച്ചോട്ടി-
ലേക്കൊക്കെയും തൂവുന്നു.
പക്ഷികൾ
കൂട്ടമായി,
കൊക്കിലൊതുക്കുന്നു-
വെണ്മണി വറ്റുകൾ.
ഒക്കെയും അമ്മ നോക്കുന്നു:
'പാവം; ഇനി മറക്കില്ലെന്നു'-
നൊമ്പരം ബാക്കിയായി ചൊല്ലുന്നു;
നിർവൃതിയോടക-
ത്തേക്കു പോവുന്നു .
മുറ്റത്തു വീണ്ടും,
കലപില
കലപില
കലപില!
Thursday, July 18, 2024
ഹരികൃഷ്ണനു:
മഴ പെയ്തിട്ടും,
മണ്ണാകെ നനഞ്ഞിട്ടും,
മനസ്സൊന്നു തണുത്തില്ല!
കനൽ കെട്ടു കാറിയ -
കരിമ്പുക കണ്ണാകെ മൂടി-
കനവും നിനവും കറുപ്പിച്ചു.
ഇഷ്ടങ്ങൾ -നഷ്ടങ്ങൾ,
ഇഴപിഞ്ഞിയ കൂട്ടുകെട്ടുകൾ,-
ഇടറിയ വാക്കാൽ വിടചൊല്ലി!
പോക്കുവെയിൽ-
പോയ വഴിയേ-
പോകാനിറങ്ങി,
പടിഞ്ഞാട്ടു നടന്നു.
പിൻവിളിച്ചില്ല,
പിന്നോട്ട് നോക്കീല്ല!
പോകട്ടെ,
പോയി പുലരട്ടെ!
എൻ്റെ ആത്മ സുഹൃത്തു രാഹുൽ അറിയാൻ ...
മഴ പെയ്തിട്ടും,
മണ്ണാകെ നനഞ്ഞിട്ടും,
മനസ്സൊട്ടു തണുത്തില്ല!
കനൽ കെട്ടിട്ടും,
കരിമ്പുക തുപ്പീട്ടും,
കനവുകൾ കറുത്തില്ല!
വാക്കുകൾ തെറ്റീട്ടും,
വാതിലുകൾ അടഞ്ഞിട്ടും,
വാസ്തവം വിശ്വസിച്ചില്ല!
ഇഷ്ടങ്ങൾ നഷ്ടമായിട്ടും,
ഇടനെഞ്ചു തകർന്നിട്ടും,
ഇനിയില്ലെന്നു പറഞ്ഞില്ല!
പൊയ്‌മുഖം കാട്ടീട്ടും,
പൊളി പറഞ്ഞിട്ടും,
പൊരുതുവാൻ തുനിഞ്ഞില്ല!
ഇങ്ങനെ മൊഴിഞ്ഞിട്ടും,
ഇത്രമേൽ ആയിട്ടും,
ഇഷ്ടാ, നിന്നോടിടിഷ്ടം കുറഞ്ഞില്ല!