ഭ്രാന്തിനും ഏകാന്തതയ്ക്കും ഇടയിലെവിടെയോഉള്ള ഒരു ആളൊഴിഞ്ഞ തുരുത്തിലാണ് ഞാനിപ്പോൾ.
നിലാവുപെയ്യുന്ന നഭസ്സ്!
തിരയൊഴിഞ്ഞ നീല കടൽ!
കാറ്റിലുലഞ്ഞ എൻ്റെ തോപ്പിലെ വെളുപ്പും നീലയുമായ മണമുള്ള പൂക്കൾ!
ഗോഥിക് കഥകളിലേതെന്നപോലെ എൻ്റെ 'Autumn' എന്നുപേരുള്ള പഴയ കൊട്ടാരം.
ആരും മീട്ടിയില്ലെങ്കിലും പൊടിപിടിച്ചു പഴകിയ പിയാനോവിൽ നിന്ന് സാന്ദ്രമായ സംഗീതം ഞാൻ എപ്പോഴും കേൾക്കുന്നതായി തോന്നി (അല്ലെങ്കിൽ തോന്നും).
കരിങ്കല്ലുകൾ പാകിയ ചുമരുകളിൽ വിരലോടിച്ചു ഞാൻ മുകളിലെ നിലയിലുള്ള മട്ടുപ്പാവിലേക്ക് ഇടയ്ക്കിടെ പോകും; പ്രത്യേകിച്ചും രാത്രിയിൽ. ഏറെ നേരം ആഴമറിയാത്ത, അലകളില്ലാത്ത, ആ കടൽ പരപ്പിലേക്കു ഞാൻ നോക്കി നിൽക്കും... വെറുതെ!
അപ്പോഴെൻ്റെ മനസ്സും ശാന്തമായിരിക്കും. ചിന്തകളൊഴിഞ്ഞു, ഭാരമൊഴിഞ്ഞു, ഒരു ആൽബട്രോസിൻ്റെ തൂവൽ പോലെ.
ഏറെ നേരം അങ്ങിനെ നിന്ന് ഞാൻ വീണ്ടും മങ്ങിയ വെളിച്ചത്തിൽ, ആ പടവുകൾ ഇറങ്ങി താഴേക്കുവരും;വിരലുകൾ തലോടി, മെഴുമെഴുത്ത ആ കരിങ്കൽ ചുമരിൻ്റെ നേർത്ത തണുപ്പറിഞ്ഞു!
കൈപ്പടത്തിൽ പടർന്ന തണു മനസ്സിൽ പടരുമ്പോൾ ഞാനുറങ്ങും.ആരും വരാനില്ലെന്ന ശുഭ പ്രതീക്ഷയുടെ പുഞ്ചിരിയുമായി!
No comments:
Post a Comment