Friday, July 19, 2024

കലപില

അടുക്കള വാതിലിൽ, 

ഉമ്മറപ്പടിയിൽ,

കലപില കൂട്ടങ്ങൾ;


ചാഞ്ഞും ചരിഞ്ഞും,

ഇടക്കൊന്നു ചാടിയും,

ആരെയോ കാര്യായി-

തിരയുന്നു.


വീണ്ടും കലപില കൂട്ടുന്നു, 

കൊത്തു കൂടുന്നു. 


മുടിത്തുമ്പു കെട്ടി, 

ഉമ്മറത്തെത്തിയ-

അമ്മയ്ക്ക് ചുറ്റിലും 

വീണ്ടും കലപില,

കലപില, കലഹം.


'പരിഭവം 

ചൊല്ലുകയാണെന്നു 

തർജ്ജമ':


"മുറ്റത്തു വറ്റില്ല,

വാഴച്ചോട്ടിലും വറ്റില്ല,

വറുതി പൊറുക്കുവാൻ വയ്യ !!"


വീണ്ടും കലപില.


അമ്മയകത്തേക്കു പോകുന്നു, 

'ഇന്നലെ ഇവറ്റകൾക്കൊന്നും- 

കൊടുത്തില്ലെന്നു' പരിഭവം.


ഇത്തിരി ചോറുമായി- 

നൊടിയിൽ മടങ്ങുന്നു,

മുറ്റത്തെ പേരച്ചോട്ടി-

ലേക്കൊക്കെയും തൂവുന്നു.


പക്ഷികൾ 

കൂട്ടമായി, 

കൊക്കിലൊതുക്കുന്നു-

വെണ്മണി വറ്റുകൾ.


ഒക്കെയും അമ്മ നോക്കുന്നു:

'പാവം; ഇനി മറക്കില്ലെന്നു'-

നൊമ്പരം ബാക്കിയായി ചൊല്ലുന്നു;


നിർവൃതിയോടക-

ത്തേക്കു പോവുന്നു .


മുറ്റത്തു വീണ്ടും,

കലപില

കലപില

കലപില!

  



No comments:

Post a Comment